Aug 6 2016

ഓണാഘോഷം

ചോദ്യ കര്‍ത്താവ് മുഹമ്മദ്അലി
ചോദ്യം: ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപ്പ് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനെ കുറിച് ആലോചിക്കുന്നു ഇതില്‍ ദീനില്‍ വല്ല തെറ്റുമുണ്ടോ
മറുപടി നല്‍കിയത്
മറുപടി

Replied On: August 6, 2016 6:06 pm

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു വിശ്വാസിക്ക് അവന്റെ ആചാരാനുഷ്ഠാനങ്ങളിലും കര്‍മ്മങ്ങളിലും അവന്റേതായ വ്യക്തിത്വവും നയവുമുണ്ട്. തന്റെ വിശ്വാസം പൂര്‍ണ്ണമായും ശരിയാണെന്ന് വിശ്വസിക്കുന്ന ഏതൊരുത്തനും അത്തരം വ്യതിരിക്തത ആവശ്യവുമാണ്. പ്രവാചകര്‍(സ) മദീനയിലെത്തിയപ്പോള്‍, ജാഹിലിയ്യാ കാലത്തെ ആഘോഷദിനത്തില്‍ മുസ്‌ലിംകളും പങ്കെടുക്കുന്നതായി കണ്ടപ്പോള്‍, നമുക്ക് പടച്ച തമ്പുരാന്‍ അതേക്കാള്‍ നല്ല രണ്ട് ആഘോഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രണ്ട് പെരുന്നാളുകളാണ് അവയെന്നും പ്രവാചകര്‍ (സ) പറഞ്ഞതായി ഒരു ഹദീസില്‍ കാണാം.  ഓണത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് വിവിധാഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ അത് ഹൈന്ദവ സഹോദരരുടെ ആചാരവും ആഘോഷവുമായാണ് പരിഗണിക്കപ്പെടുന്നത്. അതോടൊപ്പം അതിന്റെ ഭാഗമായി നടത്തപ്പെടുന്ന പല ചടങ്ങുകളും (തൃക്കാക്കര അപ്പനെ പ്രതിഷ്ഠിക്കുന്നത് പോലെ) ബഹുദൈവാരാധനയിലധിഷ്ഠിതമാണ്. അത് കൊണ്ട് തന്നെ അത്തരം ആഘോഷങ്ങള്‍ ഒരു വിശ്വാസി ആഘോഷിക്കാവുന്നതല്ല. മറിച്ച്, അത്തരം ആഘോഷവേളകളില്‍ അവയുടെ പൊള്ളത്തരങ്ങളെക്കുറിച്ചും ബഹുദൈവാരാധനയുടെ അപകടത്തെക്കുറിച്ചും ആത്മാര്‍ത്ഥമായി അവരെ ബോധവല്‍ക്കരിക്കാനായിരിക്കണം വിശ്വാസിയുടെ ശ്രമം.

ദൈവനിഷേധത്തിനു സഹായം നല്‍കലും വിശ്വാസിക്ക് യോജിച്ചതല്ല. പാവപ്പെട്ടവനു ഭക്ഷണം നല്‍കുക പണം നല്‍കി സഹായിക്കുക തുടങ്ങിയവയൊക്കെ സഹായിക്കപ്പെടുന്നവന്‍ ഏത് മതക്കാരനായാലും പ്രതിഫലാര്‍ഹം തന്നെ. പക്ഷെ അത് ശിര്‍കിനെ സഹായിക്കലാവരുതെന്ന് മാത്രം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.