Aug 9 2016

ഇഹ്റാം ചെയത് ഉംറ ചെയ്യാതെ നാട്ടിലേക്ക് മടങ്ങിയാല്‍

ചോദ്യ കര്‍ത്താവ് അഹമ്മദ് മുര്തള
ചോദ്യം: ദുല്‍ഖഅദ് രണ്ടിന്‌ ഉംറക്ക് ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോവുകയും അവിടെയെത്തിയപ്പോള്‍ ഇപ്പോള്‍ ഉംറ ചെയ്‌താല്‍ ഹജ്ജ് നിര്‍ബന്ധമാകും, ഇല്ലെങ്കില്‍ ആടിനെ അറുത്ത് മുദ്ദ് കൊടുക്കണമെന്നും അറിഞ്ഞു അവര്‍ ഉംറ ചെയ്യേണ്ട എന്ന് വെച്ചു. ശേഷം അവധിക്ക് നാട്ടില്‍ പോവുകയായത്തിന്റെ പേരില്‍ വിദാഇന്റെ ത്വവാഫ് ചെയ്ത് മടങ്ങി. ഇപ്പോള്‍ പലരും പറയുന്നു ഇഹ്‌റാം കെട്ടിയ സ്ഥിതിക്ക് ഉംറ പൂര്‍ത്തീകരിക്കണം. അല്ലാത്ത പക്ഷം കുറ്റക്കാരാവും ഇഹ്‌റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങള്‍ ജീവിതത്തിള്‍ ഉടനീളം (ഉംറ പൂര്‍ത്തീകരിക്കുന്നത് വരെ) ഹറാമായി തുടരും എന്ന്. ഇങ്ങിനെ ഉണ്ടോ? എന്താണ് ഇതിന്റെ അവസ്ഥ?
മറുപടി നല്‍കിയത്
മറുപടി

Replied On: August 9, 2016 10:00 pm

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ഹജ്ജും ഉംറയും വഴിയാലും തടിയാലും സാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ഒരിക്കല്‍ ഉംറ ചെയ്യുന്നതിലൂടെ നിരുപാധികം ഹജ്ജ് നിര്‍ബന്ധമാവില്ല. എന്നാല്‍, ഉംറ ചെയ്തത് ഹജ്ജിന്റെ മാസങ്ങളിലാണെങ്കില്‍ (ശവ്വാല്‍ മുതല്‍ അറഫ വരെയുള്ള ദിവസങ്ങള്‍ ) അയാളുടെ മേല്‍ അതോടെ ഹജ്ജ് നിര്‍ബന്ധമാവുമെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം, കാരണം, വഴിയാല്‍ സാധ്യമാവുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഇതിലൂടെ ഉണ്ടായിക്കഴിഞ്ഞല്ലോ. എന്നാല്‍ അതിനര്‍ത്ഥം, അയാല്‍ ആ വര്‍ഷം തന്നെ ഹജ്ജ് ചെയ്യണമെന്നല്ല, ജീവിതത്തില്‍ എപ്പോഴെങ്കിലുമായി അത് ചെയ്ത് വീട്ടേണ്ടതാണ്, ചെയ്യാന്‍ സാധിക്കാതെ മരണപ്പെട്ടാല്‍ ആരെങ്കിലും അയാള്‍ക്ക് വേണ്ടി അത് ചെയ്തുവീട്ടേണ്ടതോ അനന്തരസ്വത്തില്‍നിന്ന് അതിനായി നീക്കിവെച്ച് ആരെയെങ്കിലും അയച്ച് അത് ചെയ്യിക്കേണ്ടതോ ആണ്.

അതേ സമയം, ഇന്നത്തെ സൌദിയുടെ രാഷ്ട്ര നിയമമനുസരിച്ച് ഹജ്ജിന് മുമ്പായി, അതിന് പ്രത്യേകം തസരീഹ് ഇല്ലാത്തവരെയൊക്കെ മക്കയില്‍നിന്ന് പറഞ്ഞയച്ച് ശേഷം അനുമതി ഉള്ളവരെ മാത്രം അങ്ങോട്ട് പ്രവേശിപ്പിക്കുന്ന രീതിയാണ് നടന്നുവരുന്നത്. അത്കൊണ്ട് തന്നെ, വഴിയാലുള്ള സൌകര്യം പൂര്‍ണ്ണമായിട്ടില്ല എന്ന് പറയാം. എന്നാല്‍, അവിടെ എത്തിപ്പെട്ട നിലക്ക് അടുത്ത രണ്ട് മാസത്തേക്ക് കൂടി അവിടെ തങ്ങാനും ഹജ്ജിന്‍റെ അനുമതി കരസ്ഥമാക്കാനുമുള്ള സാമ്പത്തിക സൌകര്യം അയാള്‍ക്കുണ്ടെങ്കില്‍, അയാളുടെ മേല്‍ ഹജ്ജ് നിര്‍ബന്ധമാവും എന്ന് തന്നെയാണ് ന്യായം.

ഇഹ്റാം കെട്ടിയാല്‍ പിന്നെ ഉംറ ചെയ്യാതിരിക്കാന്‍ പറ്റില്ല. ഉംറ പൂര്‍ത്തിയാക്കാതെ നാട്ടില്‍ വന്നാല്‍ തിരിച്ച് പോയി ഉംറ പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. അതിനു മുമ്പ് ഇഹ്റാമ് കൊണ്ട് ഹറാമായ കാര്യങ്ങള്‍ ചെയ്താല്‍ ഫിദ്‍യ നിര്‍ബന്ധമാവും.  നഖം വെട്ടുക മുടി മുറിക്കുക പോലോത്ത ഒരു സാധനം ഇല്ലാതെയാക്കുന്ന ഹറാമുകള്‍ ഹറാമാണെന്ന് അറിയാതെ ചെയ്താലും ഫിദ്‍യ നിര്‍ബന്ധമാണ്. ഇഹ്റാമില്‍ ധരിക്കാന്‍ പാടില്ലാത്ത വസ്ത്രം ധരിക്കുക സുഗന്ധം ഉപയോഗിക്കുക തുടങ്ങിയ ആസ്വാദന കാര്യങ്ങള്‍ അറിയാതെ ചെയ്താല്‍ ഹറാമാകില്ല. ഉദ്ഹിയ്യത്തിന്‍റെ നിബന്ധനകളൊത്ത ഒരാടിനെ അറവ് നടത്തുക, ഹറമിലെ ആറു മിസ്കീന്മാര്‍ക്ക് അര സാഉ വീതം (മൊത്തം മൂന്നു സാഅ്) ധര്‍മ്മം ചെയ്യുക, മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക എന്നിവയിലേതെങ്കിലുമൊന്നാണ് ഫിദ്‍യ. മറന്നോ ഹറാമാണെന്നറിയാതെയോ സംയോഗം ചെയ്താല്‍ ഫിദ്‍യ നല്‍കേണ്ടതില്ല. ഉംറ ഫസാദാകുകയുമില്ല.

മക്കയിലേക്ക് തന്നെ തിരിച്ച് പോകാന്‍ വിസ പ്രശ്നം കൊണ്ടോ മറ്റോ സാധിക്കാതെ വന്നാല്‍ ഇഹ്റാം ചെയ്തവനെ അതില്‍ നിന്ന് അക്രമികള്‍ തടഞ്ഞാലുള്ളത് പോലെ ചെയ്യണമെന്നാണ് മനസ്സിലാകുന്നത്. മുടി വെട്ടി നിയ്യതോട് കൂടെ തഹല്ലുലാവണം. ഒരാടിനെ അറുത്ത് കൊടുക്കുകയും വേണം. അതി‍നു സാധിച്ചില്ലെങ്കില് ആടിന്റെ വിലക്ക് ഭക്ഷണം വാങ്ങി മിസ്കീന്മാര്‍ക്ക് നല്‍കണം. അതിനു സാധിച്ചില്ലെങ്കില്‍ ആ വിലക്ക് ലഭിക്കുന്ന ഭക്ഷണ സാധനം എത്ര മുദ്ദുണ്ടാവുമോ അതനുസരി ഓരോ മുദ്ദിനു ഓരോ നോമ്പ് വീതം അനുഷ്ടിക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.