Home » വിശേഷം » ബാബരി മസ്ജിദ്: അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതിയില്‍ സി.ബി.ഐ
islamonweb
Apr 6 2017

ബാബരി മസ്ജിദ്: അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതിയില്‍ സി.ബി.ഐ

April 6, 2017 12:39 pm

southlive2017-0484d3fc96-fedf-4c08-9993-442f610c6668adv

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി അടക്കമുളളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് സിബിഐ സുപ്രീം കോടതിയില്‍. അദ്വാനിയടക്കം 19 ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം നിലനിര്‍ത്തണമെന്നാണ് സിബിഐ സുപ്രീം കോടതിയെ അറിയിച്ചത്. ചാര്‍ജ് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി പറഞ്ഞത്.

ഗുഢാലോചന കുറ്റം പുനസ്ഥാപിക്കപ്പെട്ടാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കന്‍ സിബിഐക്ക് കോടതി അനുമതി നല്‍കും. എല്ലാ കേസുകളും ലഖ്‌നൗ കോടതിയിലേക്ക് മാറ്റുന്ന കാര്യവും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞമാസം കേസ് പരിഗണിച്ച കോടതി അദ്വാനി അടക്കമുളളവരോട് രേഖാമൂലം വാദം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

അദ്വാനി അടക്കമുളള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനകുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലനില്‍ക്കുന്നത്. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കപെടുമ്പോള്‍ അയോധ്യയിലുണ്ടായിരുന്ന അദ്വാനി അടക്കമുളള ബിജെപി നേതാക്കള്‍ക്കെതിരെയുളളതും, പളളി തകര്‍ത്ത കര്‍സേവകര്‍ക്കെതിരെയുളളതും.

സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് എല്‍ കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ഗവര്‍ണര്‍ കല്ല്യാണ്‍സിംഗ്, ശിവസേന നേതാവായിരുന്ന ബാല്‍താക്കറെ, വിഎച്ച് പി നേതാവായിരുന്ന ആചാര്യ ഗിരിരാജ് കിഷോര്‍, എന്നിവര്‍ അടക്കം പതിമൂന്ന് പേരെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ഒഴിവാക്കിയത്.

1992 ഡിസംബര്‍ ആറിനാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ബാബരി മസ്ജിദ് ധ്വംസനം അരങ്ങേറിയത്. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമെത്തിയ ലക്ഷകണക്കിന് കര്‍സേവകരുടെ നേതൃത്വത്തിലായിരുന്നു ബാബരി മസ്ജിദ് തകര്‍ത്തത്. അയോദ്ധ്യയില്‍ 16ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍സേവകര്‍ക്ക് എതിരെയുള്ള പ്രധാന കേസിന്റെ വിചാരണ ലക്നൗ കോടതിയില്‍ നടന്നുവരികയാണ്

2010 സെപ്റ്റംബര്‍ 30നാണ് ഈ വിഷയത്തില്‍ അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. രാമന്റെ ജന്മസ്ഥലമാണ് ബാബരി മസ്ജിദ് നിലനിന്ന പ്രദേശമെന്നും ക്ഷേത്രം പൊളിച്ചാണ് ഇവിടെ മസ്ജിദ് നിര്‍മിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ, തര്‍ക്കഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദുവിഭാഗത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍മോഹി അകാര, രാം ലല്ല, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവയ്ക്കാണ് ഭൂമി വീതംവെച്ച് നല്‍കിയത്. ഇതോടെ, ഇരു സംഘങ്ങളും കേസുമായി സുപ്രിംകോടതിയിലത്തെി. തല്‍സ്ഥിതി നിലനിര്‍ത്താനായിരുന്നു 2013 ജനുവരി 27ന് സുപ്രിംകോടതി നല്‍കിയ നിര്‍ദേശം.

അയോദ്ധ്യാ വിഷയം അതിവൈകാരികമാണെന്നും കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക